അമ്മേ.... ഞാൻ വന്നൂ ട്ടോ..... എന്നെ നന്നായി നോക്കിക്കോണെ....

എന്റെ പേര് ജിൻസി ബിജോയ് 
ഞാൻ 23 വയസ്സുള്ള അമ്മയായ Bed വിദ്യാർഥിനിയാണ്. എന്റെ വിവാഹം കഴിഞ്ഞു ഒരു വർഷം തികയുന്ന അതേ മാസം തന്നെയാണ് ഞാനൊരു ആൺകുഞ്ഞിനു ജന്മം നൽകിയത്. ഞങ്ങൾക്ക് കിട്ടിയ വിവാഹ സമ്മാനം ആണ് എന്റെ ഏദൻ (Ethan) കുട്ടൻ. ഞങ്ങൾക്ക് കിട്ടാവുന്നതിലും വച്ച് ഏറ്റവും വലിയ wedding anniversary gift ആണ് ദൈവം ഞങ്ങൾക്ക് തന്നത്. 
                        കൂട്ടുകാരികൾ പലരും എന്നെ കളിയാക്കാറുണ്ട് എങ്കിലും വിവാഹം കഴിഞ്ഞ് ഇരുപതും നാല്പതും വർഷമായിട്ടും കുട്ടികളില്ലാതെ വിഷമിക്കുന്ന സ്ത്രീകളെ അല്ല അമ്മമാരെ ഓർക്കുമ്പോൾ എനിക്ക് എന്റെ Ethan കുട്ടൻ ഒരു കുറവായി തോന്നുന്നില്ല. ഗർഭിണി ആയിരുന്ന സമയങ്ങളിൽ എനിക്ക് കുറേ ഇഷ്ടങ്ങളും,  ആഗ്രഹങ്ങളും, കൊതിയും വേണ്ടെന്നു വയ്ക്കേണ്ടി വന്നിട്ടുണ്ട്. എന്നാലും എനിക്ക് ഒട്ടും അഹങ്കാരം ഇല്ല. എന്തെന്നാൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധം കൊണ്ടുമാത്രം കുട്ടികൾ ഉണ്ടാകുമായിരുന്നെങ്കിൽ ഇവിടെ ഇത്ര മാത്രം കുട്ടികളില്ലാത്ത അമ്മമാർ ഉണ്ടാകുമായിരുന്നോ...? അതിന് ഈശ്വരന്റെ ഒരു കൈ കൂടി വേണം എന്നു കരുതുന്ന ആളാണ് ഞാൻ. 
 എങ്കിലും സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി തന്റെ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കാമുകനുമൊത്തു ജീവിക്കാൻ പോകുമ്പോൾ..., അമ്മയുടെ അടുത്ത് ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയും പിന്നീട് മണിക്കൂറുകൾക്കകം ദൂരെയുള്ള പുഴയിൽ മരിച്ചു കിടക്കുമ്പോൾ..., ഒരു രൂപ നാണയം വിഴുങ്ങിയ കുട്ടിയെയും കൊണ്ട്  മൂന്നു  ഹോസ്പിറ്റലുകൾ കയറിയിറങ്ങിയിട്ടും ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ കുട്ടി അടുത്ത ദിവസം മരിച്ചുകിടക്കുമ്പോൾ..., അതെ ഞാൻ അറിയുന്നു അമ്മയെന്ന ആ രണ്ട് അക്ഷര ത്തിന്റെ ഉത്തരവാദിത്വം എത്ര വലുതാണെന്ന്. 
                      ആഗസ്റ്റ് ഒന്നുമുതൽ ഏഴു വരെ മുലയൂട്ടൽ വാരം നടത്തുമ്പോൾ ഞാൻ എന്റെ കുഞ്ഞിനു മുലപ്പാലിലൂടെ എന്റെ സ്നേഹം പകർന്നു നൽകുമ്പോൾ, എന്റെ നെഞ്ചിലെ ചൂടുതട്ടി അവൻ കിടന്നുറങ്ങുമ്പോൾ കിട്ടുന്ന ആ സന്തോഷം..., അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും വലുതാണ്. ആ സമയങ്ങളിൽ അവൻ എന്റെ കണ്ണുകളിൽ നോക്കി പലപ്പോഴും പറയാതെ പറയുന്നുണ്ട്
" അമ്മേ.. ഞാൻ വന്നൂ ട്ടോ..., 
 എന്നെ നന്നായി നോക്കിക്കോണേ.. "
                           എന്ന്.